News

15 Apr

പാളയം കത്തീഡ്രല്‍ ദേവാലയത്തിലെ മറക്കാനാവാത്ത ദു:ഖവെള്ളി

               ദുഖ:വെള്ളി, സകല ക്രിസ്ത്യാനികളും  കുരിശില്‍ മരിച്ചവന്റെ   പീഡാസഹനത്തെയോര്ത്തു കരയുന്നു വേദനിക്കുന്നു. പകലിന്റെ അരങ്ങിനു മുകളില്‍ രാത്രിയുടെ തിരശ്ശീല വീഴുമ്പോള്‍ മനുഷ്യര്‍ സ്വയം ദുരാഗ്രഹങ്ങളുടെയും അജ്ഞതയുടെയും നിഴലാട്ടങ്ങളില്‍ മയങ്ങുന്നു. ജീവിതവും അനുഷ്ഠാനവും തമ്മിലുള്ള വൈരുദ്ധ്യങ്ങളെ എടുത്തുകാട്ടുന്ന ജിബ്രാന്റെ ഉപമ ഉദ്ധരിച്ചുകൊണ്ടും, ജീവിതത്തില്‍ മാറ്റം വരുന്നില്ലെങ്കില്‍ ക്രിസ്തുവിന്റെ പേരില്‍ കാട്ടിക്കൂട്ടുന്നതൊക്കെ വെറും പ്രഹസനമായിരിക്കും അതുകൊണ്ട് നമുക്കും ലോകമെമ്പാടുമുള്ളവരുടെ രക്ഷക്കായി കുരിശ്ശിന്റെ ചുവട്ടില്‍ നമ്മളെ തന്നെ പ്രതിഷ്ടിച്ചു കൊണ്ട് മനമുരുകി പ്രാർത്ഥിക്കാം  എന്ന് അഭിവന്ദ്യ  സുസപാക്യം എം. മെത്രപൊലീത്ത  സന്ദേശം നല്കി.

        കോവിഡ് 19   -നെ പ്രതിരോധിക്കുവാന്‍ രാജ്യം മുഴുവന്‍ ലോക് ഡൌൺ ചെയ്തിരിക്കുന്നതിനാൽ തിരുകർമ്മങ്ങൾ നടക്കുമ്പോള്‍ സാധാരണയായി വിശ്വസികളെക്കൊണ്ട് നിറഞ്ഞു കവിയുന്ന പാളയം കത്തീഡ്രല്‍ ദൈവാലയം ശൂന്യമായിരുന്നു. തലസ്ഥാന നഗരത്തിന്റെ ഹൃദയത്തില്‍ നിലകൊള്ളുന്ന പാളയം കത്തീഡ്രല്‍, അതിനെ തൊട്ടുനില്ക്കുന്ന ജുമാ മസ്ജിദ്, ഗണപതി കോവിൽ, രക്തസാക്ഷി മണ്ഡപം എന്നിവ ദുഖവെള്ളിയുടെ മൂകതയിലും, കോവിഡിൻറെ ഭീതിയിലും നിറഞ്ഞ അന്തരീക്ഷത്തില്‍ വിജനമായിരുന്നു. ദൈവമക്കൾ ഭാവനങ്ങളിലിരുന്നു ഓൺലൈൻ, T.V. ചാനൽ മുതലായവ വഴി ദിവ്യബലിയിൽ പങ്കെടുക്കുകയും അരൂപിയിൽ ദിവ്യകാരുണ്യം സ്വീകരിച്ചു വരുകയും ചെയ്യുന്നു. ഇങ്ങനെയൊരു സാഹചര്യം ആരുടെയും ഓർമയിൽ പോലുമില്ലെന്നും,  ഇപ്പോൾ  നടക്കുന്നത് മൂന്നാം ലോക മഹായുദ്ധമാണെന്നും,  ഇതിനെയും നമ്മള്‍ അതിജീവിക്കുമെന്നും ഇടവകവികാരി മോൺ. നിക്കോളാസ് ടി. വിശുദ്ധ ബലിയുടെ കൃതജ്ഞത സമർപ്പണത്തിൽ പറഞ്ഞു. ഫാ. ഡാനിയല്‍ രാജമണി, ഫാ.ഷൈനിഷ് ബോസ്‌ക്കോ  എന്നിവർ സഹകാർമ്മികരായിരുന്നു.